വാശി - തിക്കോടി ഭാസ്കരന്
വാശി - തിക്കോടി ഭാസ്കരന്
മൂടിക്കെട്ടിയ ആകാശത്തിൽ ബാല്യകാല സ്മൃതികളുടെ നക്ഷത്രങ്ങൾ കൺതുറന്നു.അമ്പലമുറ്റം ,ആൽത്തറ , മൈതാനം, പള്ളിക്കൂ.ടം, വേട്ടനായ്ക്കളെപ്പോലെ പിന്തുടരുന്ന പഴയ ചിത്രങ്ങൾ, കുളത്തിൽ നീന്തിക്കളിച്ചു, തോർത്തി ,കൽപ്പടവുകൾ കയറി വരുമ്പോൾ കുളക്കടവിലെ പെണ്ണുങ്ങൾ പറയും "എന്തൊരു യോജിപ്പാ രണ്ടുപേരും തമ്മിൽ" ഉത്സവകാലത്ത് അമ്പലത്തിൽ തൊഴുത് പ്രസാദം വാങ്ങാൻ നിൽക്കുമ്പോൾ കുടുമകെട്ടിവെച്ച എമ്പ്രന്തിരിയുടെ ഫലിതം" .'ലവകുശന്മാർ വന്നല്ലോ .എന്താ വിശേഷം"? തെക്കേനടയിൽ തളച്ചിട്ട ആനയെയും നോക്കിയുള്ള നിൽപ്പ് പടിഞ്ഞാറ് ആലിൻ ചുവട്ടിൽ കതിന കുറ്റി നിറച്ച് പൊട്ടിക്കുന്നത് കണ്ടു രസിച്ചു. ചെണ്ടക്കാരുടെയും ഉയർത്തിപ്പിടിച്ച തീപ്പന്തങ്ങളുടെയും മുമ്പിൽ ഭഗവതിയുടെ നൃത്തത്തിൽ അലിഞ്ഞു തോളോട് തോൾ ചേർന്ന് നിന്നു.
കിഴക്കേപ്പുറത്തെ മൈതാനിയിൽ പ്രകാശത്തിന്റെ നേരിയ കണികകളെയും ഇരുട്ട് വിഴുങ്ങുന്നത് വരെ ഫുട്ബോൾ കളിച്ചു വിയർത്തൊലിച്ച് വീട്ടിലേക്ക് മടങ്ങി പോകുമ്പോൾ ആൽത്തറയിൽ ഇരുന്ന് അസൂയാലുക്കളായ വൃദ്ധന്മാർ പറഞ്ഞു "നല്ല ചുണയുള്ള കുട്ടിയേള . എന്ത് യോജിപ്പാ"!
ബീഡി വലിക്കാതെ കള്ള് കുടിക്കാതെ പെൺകുട്ടികളുടെ പുറകെ നടക്കാതെയുള്ള വളർച്ചയുടെ ദിവസങ്ങൾ. ഹൃദയത്തിൽ ഇന്നും ഒരു വസന്തമായി പൂത്തുലഞ്ഞു നിൽക്കുന്ന ഓർമ്മകളുടെ അന്ത്യത്തിൽ അറിയാതെ കൺപീലികൾ നനഞ്ഞു.
ഭാര്യ പറഞ്ഞു "വേണ്ടാത്തതൊന്നും ഓർക്കണ്ട"
"ചത്തോ എന്ന് നോക്കാൻ ഓൻ വന്നില്ലല്ലോ"
"മരിച്ചാൽ ആളെ അയക്കുമല്ലോ " ശുണ്ഠി വന്നു.
"വേണ്ട അറിയിക്കേണ്ട. ഓൻ വരണ്ട. പിന്നെ?
"ഓൻ എന്നെ കാണണ്ട."
യുവത്വത്തിന്റെ ആനന്ദം തുളുമ്പിയ ദിനങ്ങളോട് അറപ്പ് തോന്നി. വളർച്ചയുടെ ദിവസങ്ങളാണ് അവനെ എന്നിൽ നിന്നും തട്ടി മാറ്റിയത്. രഹസ്യമായ ആഹ്ലാദത്തിന്റെ മധുരംമോന്തി കുടിക്കുമ്പോൾ തുടങ്ങിയ
ശപിക്കപ്പെട്ട സന്ധ്യകൾ..............
ഒരു ലഹരിയായി അവൾ മനസ്സിൽ കത്തിപ്പടർന്നത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ല. ചെറുപ്പക്കാരുടെ എല്ലാം ആകർഷണ ബിന്ദുവായിരുന്നു ആപെൺകുട്ടി. അവളെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച നിമിഷങ്ങൾ. അവളുടെ പിതാവ് ധനികൻ ആയതുകൊണ്ടാണോ അങ്ങനെ ആഗ്രഹിച്ചത്? കാൽമുട്ട് മറഞ്ഞു നിൽക്കുന്ന മുടിയുടെ ഭംഗിയാണോ അവളെ ആകർഷിച്ചത്?
തലയിൽ ഇടിത്തി വീണത് പോലെയാണ് ആ വാർത്ത അറിഞ്ഞത്. അവർ രജിസ്ട്രാഫീസിൽ പോയി വിവാഹിതരായി. അനിയനും അവളും തമ്മിൽ സ്നേഹത്തിലായിരുന്ന കാര്യം അപ്പോൾ മാത്രമാണ് മനസ്സിലാകുന്നത്. അനിയൻ അതുവരെ എല്ലാം ഒളിച്ചുവച്ചു. അത് പാടില്ലായിരുന്നു. അമ്പലമുറ്റത്ത് തൊഴുതു നിൽക്കുമ്പോൾ ചെമ്പകപ്പൂ തരുമോ എന്ന് ചോദിച്ചത് അവൾ അനിയനോട് പറഞ്ഞു കാണും..........
അതോടെ അനിയനെ വെറുത്തു.
അസൂയയുടെ കൂർത്തമുനകൾ മനസ്സിനെനോവിച്ചു. ഏറെ താമസിയാതെ ഞാൻ വിവാഹിതനായി. രജിസ്ട്രാസിൽ വെച്ചല്ല. ആർഭാട പൂർവ്വം ചടങ്ങുകൾ നടത്തി .നാട്ടിൽ എല്ലാവരെയും ക്ഷണിച്ചു .എന്ത് കേമമായിരുന്നു!
അനിയന് സർക്കാർ ഉദ്യോഗം കിട്ടി. തനിക്കും എന്തെങ്കിലും ഒരു ജോലി വേണമെന്ന് ആഗ്രഹമുണ്ടായി. ഉദ്യോഗമെന്തിന് ? ഉദ്യോഗത്തേക്കാൾ വരുമാനം ഉണ്ടാവുക കച്ചവടത്തിൽ നിന്നാണെന്ന് ചിലർ ഉപദേശിച്ചു. അങ്ങനെയാണ് കച്ചവടക്കാരൻ ആയത്. കടയിൽ വന്നു സാധനങ്ങൾ വാങ്ങി പോകുമ്പോൾ ഒരു പൈസ കുറയാതെ എണ്ണി വാങ്ങാൻ ശ്രദ്ധിച്ചു.
അനിയൻ സ്വന്തമായി വീട് പണിയിച്ചപ്പോൾ അതിലും നല്ല വീട് പണികഴിപ്പിച്ചു .അനിയൻ മുറ്റത്ത് ചെടികൾ വച്ചുപിടിപ്പിച്ചപ്പോൾ ഊട്ടിയിൽ പോയി പൂച്ചട്ടികൾ വാങ്ങി മുറ്റത്ത് പിടിപ്പിച്ചു. അനിയൻ ടേപ്പ്റെക്കോർഡർ വാങ്ങിയപ്പോൾ അതിനേക്കാൾ മികച്ചത് തന്നെ വാങ്ങി. അനിയൻ ഫ്രിഡ്ജ് വാങ്ങിയപ്പോൾ താനും വാങ്ങി ഒരെണ്ണം. അനിയന്റെ ഭാര്യക്ക് സാരി വാങ്ങുമ്പോൾ എല്ലാം അതിലും മുന്തിയത് തന്റെ ഭാര്യക്ക് വാങ്ങി കൊടുത്തു. അനിയന്റെ മൂത്ത കുട്ടിയെ മെഡിസിന് ചേർത്തപ്പോൾ പരുങ്ങലിലായി . മകനെ മെഡിസിൻ എടുപ്പിക്കാൻ ലക്ഷങ്ങൾ കൊടുക്കേണ്ടി വന്നുവെങ്കിലും വിട്ടുകൊടുത്തില്ല .
ഒരു ദിവസം അനിയൻ പറഞ്ഞു:" ഏട്ടൻ എന്തിനാണ് ഇങ്ങനെ മത്സരിക്കുന്നത്? എനിക്ക് ഏട്ടനോട് യാതൊരു വിരോധവും ഇല്ല ".എന്നിട്ടും അസൂയ കെട്ടടങ്ങിയില്ല .അനിയനെ എവിടെവെച്ചും തോൽപ്പിക്കണമെന്ന് ആഗ്രഹം. സദാ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു .ഇപ്പോൾ താൻ കിടപ്പിലായിരിക്ന്നു .മരണ ശയ്യയിൽ ദിവസങ്ങൾ എണ്ണി കഴിയുന്നു. അനിയന് ഒരു രോഗവും ഇല്ല. തനിക്ക് വയസ്സ് കൂടുതലുള്ളതു കൊണ്ടല്ലേ താൻ ആദ്യം കിടപ്പിലായത് എന്നോർത്ത് സമാധാനിച്ചു. ഇപ്പോഴും ഓടിച്ചാടി നടക്കുന്ന അനിയനെ കുറിച്ച് ഓർത്ത് വ്യാകുലനായി .
ഒടുവിൽ അനിയൻ വന്നു .വരണമെന്ന് ആഗ്രഹിച്ചിരുന്നു .വരുമെന്ന് പ്രതീക്ഷിച്ചതല്ല. അവശനായി പട്ടിയെപ്പോലെ ചുരുണ്ടു കിടക്കുന്ന തന്നെ കണ്ടു ആഹ്ലാദിക്കണ മായിരിക്കും.
കൂടെ ഭാര്യയും ഉണ്ട് .ഒറ്റനോട്ടമേ നോക്കിയുള്ളൂ .വിലപിടിച്ച തരം സാരിയാണ് അവൾ അണിഞ്ഞിരുന്നത്. കയ്യിൽ നിറയെ സ്വർണ്ണ വളകൾ. കഴുത്തിൽ നിറയെ ആഭരണങ്ങൾ. അവൻറെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല. മുഖം തിരിച്ചു കളഞ്ഞു. ഒന്നും മിണ്ടിയില്ല. കയ്യിലുള്ള നാരങ്ങാ പൊതി അനിയൻ തന്റെ സമീപത്ത് കിടക്കയിൽ വെച്ചു.
"ഒന്നും കഴിക്കാറില്ലേ"?
ഭാര്യ പറഞ്ഞു: "നുറുക്കലരീടെകഞ്ഞി കൊടുക്കാന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്." കുറച്ചുകഴിഞ്ഞ് ആരോടും അല്ലാതെ പറഞ്ഞു." നീ എന്നെ തോൽപ്പിക്കാന്ന് കരുതി .ഇല്ലേ ?ഞാൻ തോൽക്കില്ല. ആദ്യം മരിക്കുന്നത് ഞാനായിരിക്കും. അക്കാര്യത്തിൽ ഞാനാ ജയിക്കുക."
കൂടുതൽ ജീവിച്ചുകൊണ്ട് ഞാൻ നിങ്ങളെ തോൽപ്പിക്കും എന്ന് അനിയ,ൻ പറയുമെന്ന് കരുതി. പക്ഷേ അനിയ ഒന്നും പറയാതെ കുനിഞ്ഞ ശിരസ്സുമായി നിന്നതേയുള്ളു.
തിക്കോടി ഭാസ്കരന്