നമ്മുടെ തെരുവ്
നമ്മുടെ ഗ്രാമത്തിൽ നാലു ഭാഗത്തുനിന്നും റോഡുകൾ കൂട്ടിമുട്ടുന്ന കവലയുടെ ഓരം ചേർന്ന് നിന്ന് നാം സംസാരിച്ചു. ഇരുട്ടു പക ലിനെ നക്കി തുടച്ചെടുക്കുന്ന തെരുവ് വിളക്ക് കളുടെ അരണ്ട വെളിച്ചത്തിൽ .ഒരു കനത്ത മഴക്ക് പിറകെ നേരിയ മഴച്ചാറൽ മാത്രമുള്ളപ്പോൾ. തടിച്ച ഫ്രെയിമുള്ള കണ്ണടയിലൂടെ ദൃഷ്ടികൾ എൻ്റെ മുഖത്തുറപ്പിച്ചുകൊണ്ട് താങ്കൾ പറഞ്ഞു, '' ഒരു കഥയെഴുതു ". നമുക്ക് അരികിലുള്ള കടല വണ്ടിക്കാരൻ കടല വറുക്കുകയും ചട്ടുകം കൊണ്ട് ചീനച്ചട്ടി മേൽ അടിച്ചു ഉറക്കെ ശബ്ദം ഉണ്ടാക്കി ജനശ്രദ്ധ ആകർഷിക്കുകയും ചെയ്തുകൊണ്ടിരുന്നു .ചിലരെല്ലാം അവനോട് കടല വാങ്ങി കൊറിച്ചുകൊണ്ട് നിന്നു വമ്പിച്ച പ്രതീക്ഷകളുമായി പരിചയക്കാരോടെല്ലാം കൈനീട്ടുകയായിരുന്നു .,പഠനം പൂർത്തിയാക്കിയ ആ ചെറുപ്പക്കാരൻ. ഈ ഉൾനാടൻ കവല സജീവമാകുന്നതോടെ ഉന്തുവണ്ടിയും കടലയും ആയി അവിടെയെത്തുന്നു. നന്നെ ഇരുട്ടിയാൽ കടകളെല്ലാം അടക്കുമ്പോൾ മാത്രം തിരികെ പോകുന്നു .അവന്റെ വൃദ്ധരായ മാതാപിതാക്കളെയും പെങ്ങന്മാരെയും പോറ്റുവാൻ അവൻ എന്തുമാത്രം പാടുപെടുന്നു.
താങ്കൾ വീണ്ടും പറഞ്ഞു,'
'ഇന്ന് കഥക്ക് വലിയ മാർക്കറ്റില്ല. നോവലിനാണ് വായനക്കാർക്ക് പ്രിയം പ്രസിദ്ധീകരണശാലക്കാർക്ക് കഥയെഴുത്തുകാരെ പുച്ഛമാണ്."
താങ്കൾ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു
നഗരത്തിൽ നിന്നും കുതിച്ചെത്തുന്ന ബസ്സുകൾ വന്നു നിൽക്കുമ്പോൾ ആളുകൾ അതിൽ നിന്നിറങ്ങുകയും എല്ലാവരും ഇറങ്ങി തീരും മുൻപേ കയറാനുള്ളവർ അതിനുള്ളിലേക്ക് തള്ളിക്കയറുകയും ചെയ്തുകൊണ്ടിരുന്നു. എവിടെനിന്നാണ് ജനങ്ങളെല്ലാം വരുന്നത് ?അല്ലെങ്കിൽ എവിടേക്കാണ് ഇവർ പോകുന്നത് ?ഓരോ ആളുടെ തലയിലും ഒന്നോ അതിലധികമോ ഭാണ്ട കെട്ടുകൾ ഉണ്ടായിരിക്കും. അവരിൽ ഏറെ പേരും മറ്റുള്ളവരെ ശ്രദ്ധിക്കുന്നേയില്ല. തങ്ങളുടെ ബസ്സുകൾ വരുമ്പോൾ അവർ ഓടി കയറുന്നു. ഇറങ്ങിപ്പോകുന്നവർക്ക് എത്തേണ്ടിടത്ത് എത്തിയ ചാരിതാർത്ഥ്യവും ഇല്ല.
നമ്മെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചിലപ്പോൾ ലോറികളും കാറുകളും പാഞ്ഞു പോയി. തലനാരിഴവ്യത്യാസം കൊണ്ടാണ് നാം ചിലപ്പോൾ രക്ഷപ്പെടുന്നത്. അവയിലെ ഡ്രൈവർമാർക്ക് നമ്മുടെ ജീവൻ ഒരു പ്രശ്നമേ അല്ല. നിരത്ത് വക്കിൽ ഉള്ളവർ ചാവുകയാണെങ്കിൽ ചാവട്ടെ. ഡ്രൈവർമാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്തെ കുറിച്ചുള്ള ഓർമ്മ മാത്രമേയുള്ളൂ. മുമ്പിലുള്ള യാഥാർത്ഥ്യങ്ങൾ ഒന്നും അവർ കാണുന്നതേയില്ല. അല്ലെങ്കിൽ ബോധപൂർവ്വം അവർ കണ്ടില്ലെന്നു നടിക്കുന്നു.
ചീറി പാഞ്ഞു വരുന്ന ഒരുകാർ പെട്ടെന്ന് ബ്രേക്ക് ഇട്ട് നിർത്തിയ ശബ്ദം, തെരുവിലുള്ളവരെയെല്ലാം ആകർഷിച്ചു .എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ട് തിരിഞ്ഞു. ചിലർ ആ സ്ഥലത്തേക്ക് ഓടിച്ചെന്നു. നമ്മുടെയെല്ലാം പരിചയക്കാരനായ വിറകുവെട്ടുകാരൻ റോഡിന്റ നടുവിൽ കാറിന്റെ മുൻപിലായി നിൽക്കുകയാണ്. ഇരുട്ടിയാൽ മൂക്കറ്റം മദ്യപിച്ച് ആരോടെന്നില്ലാതെ അസഭ്യ വാക്കുകൾ വിളിച്ചു പറയാറുള്ള വിറകു വെട്ടുകാരൻ. കാറിൽ ഉള്ളവരെ നോക്കി തെറി പറഞ്ഞുകൊണ്ടേയിരുന്നു .കൈകൾ വായുവിൽ ഉയർത്തി ചില ആംഗ്യങ്ങളും. ആരോ ചെന്ന് അവനെ റോഡിന്റ നടുവിൽ നിന്നും പിടിച്ചുമാറ്റിയതോടെ കാർ വീണ്ടും മുന്നോട്ടു പാഞ്ഞു പോയി.
താങ്കൾ വീണ്ടും എന്നോട് പറഞ്ഞു,
''എങ്കിലും സുഹൃത്തേ, വല്ലപ്പോഴുമൊക്കെ എഴുതൂ..."
മുക്കാൽ ഭാഗവും കഷണ്ടി കയറിയ തലയും മെലിഞ്ഞ ശരീരവും ഉള്ള ഖദർധാരിയായ ബാങ്കർ തന്റെ മുറിയിലിരുന്നു കൊണ്ട് ഇരിപ്പടത്തിൽ നിന്ന് അനങ്ങാതെ റോഡിലേക്ക് ദൃഷ്ടികൾ പായിച്ചു കൊണ്ടിരുന്നു. ജനങ്ങൾക്കിടയിൽ അയാൾ ആരെയൊക്കെയോ തിരയുകയായിരുന്നു. തന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയ വായ്പക്കാരെയായിരിക്കാം. ഇടപാടുകാരെ കണ്ടാൽ അയാൾ ഇരയെ കണ്ട എട്ടുകാലിയെ പോലെ അവരുടെ മേൽ ചാടി വീഴും.അയാൾക്ക് പലിശയാണ് വേണ്ടത് .മുതൽ സംഖ്യ അടക്കുന്നതിൽ എത്ര തന്നെ വൈകിയാലും കുഴപ്പമില്ല .പലിശ കൃത്യസമയത്ത് കിട്ടണമെന്ന് നിർബന്ധമാണ്.
നമ്മുടെ അരികിലൂടെ പഠിപ്പ് കഴിഞ്ഞ് തൊഴിലൊന്നുമില്ലാതെ അലയുന്ന ചെറുപ്പക്കാർ പലതവണ കടന്നുപോയി. അവർ സംഘമായും ഒറ്റയായും തെരുവിൽ അലയുന്നു. നിരാശ പൂണ്ടവർ ചിലപ്പോൾ പടിഞ്ഞാറോട്ടുള്ള റോഡിലേക്ക് നീങ്ങുന്നു .അവരെ വിടേക്കാണ് പോകുന്നത് എന്ന് നമുക്കറിയാം .തീർച്ചയായും റെയിൽവേ സ്റ്റേഷന് സമീപമുള്ള പെട്ടിക്കടയെ ലക്ഷ്യം വെച്ച് നടക്കുകയാവർ. അവിടെയാണ് അവർക്ക് ലഹരി പകരുന്ന വസ്തു കിട്ടുക.
തുണിക്കടകൾ ,പലചരക്ക് കടകൾ, പച്ചക്കറി കടകൾ ,മീൻ മാർക്കറ്റ്.. അവിടെയെല്ലാം ഗ്രാമവാസികൾ കയറിയിറങ്ങികൊണ്ടേയിരുന്നു.
ചുമരുകളിൽ പതിച്ച പോസ്റ്ററുകളിൽ നിന്നും സിനിമാനടികൾ നമ്മെ തുറിച്ചു നോക്കി
താങ്കൾ വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു
.
''സെക്സ് ആണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത് .സെക്സിനെ കുറിച്ച് എഴുതിയാൽ അവർ വായിക്കും. അതിനാണ് ഡിമാൻഡ്....
സ്നേഹിതാ, താങ്കൾ ഓർക്കുന്നുണ്ടോ! നമ്മുടെ ബാല്യകാലത്തെ കുറിച്ച് ?ഒരേ സ്കൂളുകളിൽ നാം പഠിച്ചു. ഒരേ ബെഞ്ചിലിരുന്ന് നാം വളർന്നു .താങ്കൾ എന്റെ ബാല്യകാലസഖിയെ കുറിച്ച് ഓർക്കുന്നുണ്ടോ? താങ്കൾക്കും ഉണ്ടായിരുന്നു സ്നേഹിക്കാൻ ഒരു കൂട്ടുകാരി.എന്നും രാവിലെ നാം ഈ റോഡിലൂടെ നടന്നു പോയി. റെയിൽവേ സ്റ്റേഷനിലേക്ക്. വണ്ടി കയറി അകലെയുള്ള സ്കൂളിലേക്ക് പോയി. വൈകുന്നേരത്തെ വണ്ടിക്ക് തിരിച്ചുവന്നു. വീണ്ടും നാം ഈ തെരുവിലൂടെ നമ്മുടെ വീടുകളിലേക്ക് പോയി .മനസ്സിനെ കുളിരണിയിക്കുന്ന ആ ഓർമ്മകൾ വല്ലപ്പോഴും കടന്നു വരുമ്പോൾ നാം ചെറുതാവുന്നു. ഇതുപോലെ ചാറൽ മഴയുള്ള ഒരു സന്ധ്യ. നാം തീവണ്ടിയിൽ നിന്നിറങ്ങി റോഡിൽ എത്തിയപ്പോൾ ഒരാൾ ഓടി വന്നു പറഞ്ഞു,'' കുട്ടികളെ അങ്ങോട്ട് പോകേണ്ട .അവിടെ ബഹളമാണ്."ഷ അയാളുടെ മുഖം ഭയം കൊണ്ട് വിവർണ്ണമായിരുന്നു.
നമ്മുടെ മനസ്സിലും ഭയം ഉരുണ്ടുകൂടി. എങ്കിലും വീടിനെ ലക്ഷ്യമാക്കി ധൃതിയിൽ നടന്നു .അപ്പോൾ നാം കണ്ട കാഴ്ച! തെരുവ് ശൂന്യമായി കിടക്കുകയാണ്. എല്ലാ കടകളും അടച്ചിരുന്നു .ചിലർ ബീച്ച് റോഡിലൂടെ പരിഭ്രാന്തരായി ഓടി വരുന്നത് കാണാമായിരുന്നു. തെരുവിൽ നിറയെ കുപ്പിച്ചില്ലുകളും കരിങ്കൽ കഷ്ണങ്ങളും ചിതറിക്കിടന്നിരുന്നു. ചിലയിടങ്ങളിൽ ചോര തളംകെട്ടി നിന്നിരുന്നു. ഒരാൾ ഓടിവന്നു നമ്മോട് പറഞ്ഞു,'' കുട്ടികളെ വേഗം പോയിക്കോളിൻ,പൊന്നാനിയിൽ നിന്നും മാപ്പിളമാർ വന്നിറങ്ങിയിട്ടുണ്ട് .നിങ്ങളെ വല്ലവരും ഉപദ്രവിക്കും."
അവിടെ നടന്നത് ഒരു ഹിന്ദു _മുസ്ലിം സംഘട്ടനം ആയിരുന്നു എന്ന് അങ്ങനെ നാം മനസ്സിലാക്കി .ഭയം നമ്മളെ ഗ്രസിച്ചു. നാം ഓടാൻ തുടങ്ങി .ഓടി കിതച്ചുകൊണ്ട് നമ്മുടെ വീടുകളിൽ എത്തി. ഭയത്തിന്റെ പെരുമ്പാമ്പുകൾ ഇഴയുന്ന നമ്മുടെ വീടുകളിൽ!
പ്രാണഭയവുമായി ഓടുന്ന യുവാവിന്റെ പിന്നാലെ നിവർത്തിപ്പിടിച്ച കത്തിയുമായി മറ്റൊരാൾ ഓടുകയായിരുന്നു അവരിൽ ഒരാൾ ഹിന്ദുവും മറ്റേയാൾ മുസൽമാനും ആയിരുന്നു ഈ തെരുവിൽ വെച്ച് പിന്നാലെ വന്നയാൾ മുമ്പിൽ ഓടി തളർന്നവനെ പിടികൂടി .അങ്ങനെയാണ് ഈ തെരുവിൽ എല്ലാവരും നോക്കിനിൽക്കെ ഒരു കുരുതി നടന്നത് അതിനെ തുടർന്ന് ,ജനങ്ങൾ ഹിന്ദുവെന്നും മാപ്പിള യെന്നും ഇരുചേരിയായി പിരിഞ്ഞു .അടിപിടിയും കല്ലേറും കത്തിക്കുത്തും നടന്നു. മാപ്പിളമാരുടെ വീടുകൾ ഹിന്ദുക്കളും ഹിന്ദുക്കളുടെ വീടുകൾ മാപ്പിളമാരും ചുട്ടെരിച്ചു. സ്ത്രീകൾ മാനഭംഗം ചെയ്യപ്പെട്ടു .ഗ്രാമവാസികൾ എല്ലാം ഭയം കൊണ്ട് വിറച്ചു .അപ്പോൾ പോലീസ് വാഹനങ്ങളും പട്ടാള ലോറികളും ഇരമ്പി പാഞ്ഞു വന്നു .ദിവസങ്ങളോളം തെരുവ് പട്ടാളക്കാരുടെ വിഹാരരംഗമായി.
നാം പിന്നെയും എന്തൊക്കെയോ സംസാരിച്ചു .താങ്കൾ പറഞ്ഞു
"'ജനങ്ങളുടെ അഭിരുചി ക്ക് അനുസരിച്ചു
വേണം എഴുതാൻ .ജനങ്ങൾ എന്താഗ്രഹിക്കുന്നുവോ അതിനായി എഴുതണം" .
അപ്പോഴാണ് കിഴക്ക് നിന്നും ഒരു ജാഥ കടന്നുവന്നത് .മുൻനിരയിൽ മമ്മദ് മാസ്റ്റർ നടക്കുന്നു .ജാഥയിൽ ചെറുപ്പക്കാരും വൃദ്ധന്മാരുമായി ഒട്ടേറെ ആളുകൾ ഉണ്ടായിരുന്നു .അവർ നനഞ്ഞിരുന്നു .
നനഞ്ഞ വസ്ത്രങ്ങൾ ശരീരത്തിൽ ഒട്ടിപ്പിടിച്ചിരുന്നു .അവരുടെ കൈകളിൽ ചുവന്ന പതാകയുണ്ടായിരുന്നു .മുഷ്ടി ചുരുട്ടി എറിഞ്ഞുകൊണ്ട് അവർ വർഗീയതക്കെതിരെയും ഭരണവർഗത്തിനെതിരെയും മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടിരുന്നു..
അവിടവിടെ ചിന്നിച്ചിതറി നിന്നിരുന്ന ജനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും ആയി ആ പ്രകടനം കാണാൻ നിരന്നു നിന്നു.
പ്രകടനം വടക്കേ റോഡിലേക്ക് തിരിഞ്ഞു. വടക്കേ തെരുവ് പൂർത്തിയാക്കിയ ശേഷം ,അവർ തിരികെ വന്ന് തെക്കോട്ട് പോയി .തെക്കേ തെരുവ് പൂർത്തിയാക്കിയതിൽ പിന്നെ പ്രകടനം തിരികെ വന്നു ബീച്ച് റോഡിലേക്ക് തിരിഞ്ഞു.. മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി കൊണ്ടേയിരുന്നു
പ്രകടനം അവസാനിച്ചുവെന്ന് പലരും കരുതി .പെട്ടെന്നാണ് പടിഞ്ഞാറ് നിന്നും ഒരു ബഹളം .ബീച്ച് റോഡിലൂടെ ചിലർ ഓടിവരുന്നത് കണ്ടു .ചിലർ വിളിച്ചുപറഞ്ഞു ,
'' ഓടിക്കോ ...ഓടിക്കോ...". പ്രകടനക്കാരുടെ നേരെ കല്ലേറ് .അവർ ജാഥയെ പതിയിരുന്നാക്രമിച്ചു .മമ്മദ് മാസ്റ്ററെ ആരോ കുത്തി.
ജനങ്ങൾ കൂട്ടത്തോടെ കിഴക്കോട്ടേക്ക് ഓടി .ചിലരുടെ ശരീരത്തിൽ നിന്നും രക്തം ഒലിച്ചുകൊണ്ടിരുന്നു. പടിഞ്ഞാറ്നിന്നും ജനങ്ങൾ പൊരുതുന്ന ഇരമ്പൽ. മുറിവേറ്റവരുടെ നിലവിളി.
കടല വണ്ടിക്കാരൻ തീയണച്ച് ,വണ്ടി തള്ളി ഒരു അരികിലാക്കി ധൃതിയിൽ തെക്കോട്ടുള്ള റോഡിലൂടെ ഓടി മറഞ്ഞു. പീടികയുടമകൾ കടകൾഅടച്ചു സ്ഥലം വിടാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ കടകളെല്ലാം അടഞ്ഞു .തെരുവിൽ വെളിച്ചം കുറഞ്ഞു.
നമുക്ക് കിഴക്കോട്ട് മാറിനിൽക്കാം. ''എന്താ സംഭവിച്ചത് "?നാം കിഴക്കോട്ട് മാറിനിന്ന് വീക്ഷിച്ചു .ടാക്സിക്കാർ സ്ഥലം കാലിയാക്കി. ഓട്ടോറിക്ഷക്കാരും. ആളുകൾ ഓടുന്നതിനിടയിൽ ചിലർ ചോരയിൽ കുതിർന്ന രണ്ട് ശരീരങ്ങൾ താങ്ങിയെടുത്തു കൊണ്ടുവരുന്നത് നാം കണ്ടു .''എവിടെ ടാക്സി "?ടാക്സി എങ്ങും ഇല്ല .''മമ്മദ് മാസ്റ്റർ മരിച്ചു. എന്ത്? 'അതെ, കഴുത്തിനാകൂത്തേറ്റത്. വയറിനും കുത്തി .കുത്തി കുടൽമാല പുറത്തിട്ടു .റോഡിൽ തന്നെ കിടക്കുന്നു." ഒരാൾ നമ്മുടെ അരികിൽ വന്ന് ശാസിച്ചു.
''നിങ്ങൾ എന്താ ഇവിടെ ഇങ്ങനെ കുന്തം പോലെ നിൽക്കുന്നത് "?ആരും ഇവിടെ നിൽക്കണ്ട .പോകിൻ .. പോകാൻ! അതോടെ പടിഞ്ഞാറ് നിന്നും നിവർത്തിപ്പിടിച്ച കത്തിയുമായി ഓടി വരുന്നവരെ ചൂണ്ടിക്കാണിച്ച് അയാൾ നമ്മളോട് ഓടി രക്ഷപ്പെടാൻ പറഞ്ഞു.
നാം ഓടി .നമ്മുടെ പിന്നാലെ ആരെല്ലാമോ ഓടുന്നുണ്ടായിരുന്നു. ശത്രുവേത് ?മിത്രമേത്? ഒന്നും തിരിച്ചറിയാൻ വയ്യ .കിഴക്കോട്ടുള്ള റോഡിലൂടെ നാം ഓടി. കുറെ ദൂരം ഓടിയതിൽ പിന്നെ തിരിഞ്ഞുനോക്കി. അപ്പോഴും നമ്മുടെ പിന്നാലെ ആരൊക്കെയോ ഓടിക്കൊണ്ടിരുന്നു. റോഡിൽ നിന്നും വയലിലേക്കിറങ്ങി വയൽ വരമ്പിലൂടെ നാം ഓടി.
മഴ ഉറക്കെ പെയ്യാൻ തുടങ്ങി .വയലിൽ നിന്നും നാം ഇടവഴിയിലേക്ക് കയറി. ഇടവഴിയിലൂടെ നടക്കുമ്പോൾ ആരോ ഒരാൾ നമുക്കെതിരെ ഓടി വരുന്നത് അരണ്ട വെളിച്ചത്തിൽ നാം കണ്ടു. താങ്കൾ ശബ്ദമുയർത്തി ചോദിച്ചു. ''ആരാണത്"? നരിയുടെ മുമ്പിൽ പെട്ടുപോയ മാനിനെ പോലെ അയാൾ സംശയിച്ചു നിന്നു. .അയാൾ ഒന്നും ശബ്ദിച്ചതേയില്ല. പിന്നെ താമസം ഉണ്ടായില്ല .അയാൾ തിരിഞ്ഞോടി .പാവം !ഭയംഅയാളെ കീഴടക്കിയിരിക്കുന്നു. കാണുന്നവരെയെല്ലാം അയാൾ സംശയിക്കുന്നു. നനഞ്ഞ കോഴികളെ പോലെ നാം വീട്ടിലേക്ക് കയറിച്ചെന്നു. വാതിലും ജനലുകളും ഭദ്രമായി അടച്ചിരുന്നു. തെരുവിലെ കലാപത്തിന്റെ വിവരം ഭാരൃഅറിഞ്ഞിരിക്കാം.ഞാൻ വാതിലിൽ മുട്ടി വിളിച്ചു' വാതിൽ തുറക്കൂ' "ആരാ?" 'ഞാനാണ് "ഞാൻ എന്ന് പറഞ്ഞാൽ"? 'ഞാൻ തന്നെ ,.വാതിൽ തുറക്കൂ" "വാതിൽ തുറക്കില്ല "ഞാൻ എൻ്റെ പേര് പറഞ്ഞു. വീണ്ടും മുട്ടി.അവൾ ഭയത്തോടെ അകത്തിരിക്കുകയാണ്. പുറത്തുള്ളത് ശത്രുവോ മിത്രമോ എന്ന് ആർക്കറിയാം
ഭയം അള്ളിപ്പിടിച്ച മനസ്സുമായി അവൾ ജനലിന്റെ ഒരു പാളി തുറന്നു കൊണ്ട് ചോദിച്ചു,' ആരാദ്? തുറന്ന ജനലിന്റെ അടുത്ത് ചെന്ന് നിന്ന് ഞാൻ പറഞ്ഞു,
'നോക്കൂ, ഇത് ഞാനാണ് ".അവൾ പറഞ്ഞു 'ഹാവൂ ...ഞാൻ പേടിച്ചുപോയി. ഞാൻ വിചാരിച്ചു വല്ല കുഴപ്പക്കാരും ആയിരിക്കുമെന്ന് ".താങ്കൾ പറഞ്ഞു,
' ഇപ്പോൾ സമാധാനമായില്ലേ ?ഇനി വാതിൽ തുറന്നുകൊടുക്കു."
അവൾ ഓടി ചെന്ന് വാതിൽ തുറന്നു. മനസ്സമാധാനത്തോടെ ചിരിച്ചുകൊണ്ടു ചോദിച്ചു '.ടൗണിൽ കുഴപ്പം നടക്കുകയാണെന്ന് കേട്ടല്ലോ ?എന്തേ ഇത്ര വൈകിയത് ?"പിന്നെ താങ്കൾ യാത്ര പറഞ്ഞു പിരിഞ്ഞു .വഴിയിൽ വെച്ച് താങ്കളെ വല്ലവരും വന്ന് ആക്രമിച്ചേക്കുമോ എന്ന ഉത്കണ്ഠയോടെ ഞാൻ വാതിൽ അടച്ചു.
******
തിക്കോടി ഭാസ്കരൻ