കലക്ടറുടെ സന്ദർശനം - തിക്കോടി ഭാസ്കരൻ - ആക്ഷേപഹാസ്യം

ഏകദേശം 40 വർഷങ്ങൾക്കപ്പുറം ഒരു താലൂക്ക് ഓഫീസിൽ കലക്ടർ വന്നാൽ ഉണ്ടാകാവുന്ന അവസ്ഥ ഹാസ്യ രൂപത്തിൽ ഈ കഥയിലൂടെ വരച്ചു കാണിക്കുന്നു.
***
തഹസിൽദാർ കവർ തിരിച്ചും മറിച്ചും നോക്കി. സാധാരണ എഴുത്തല്ല .അർദ്ധ ഔദ്യോഗിക സ്വഭാവമുള്ളതാണ്. തഹസിൽദാരുടെ പേര് തന്നെ രേഖപ്പെടുത്തി കലക്ടർ അയക്കുന്നത്. ഇംഗ്ലീഷിൽ ഡെമി ഒഫീഷ്യൽ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്.
തഹസിൽദാർ ഞെട്ടി .IAS ഓഫീസർ     അല്ലേ ?നേരിട്ട് എഴുതണമെങ്കിൽ ഗൗരവസ്വഭാവത്തിലുള്ളതായിരിക്കും.
അകത്തുള്ളവനെ നോവിക്കാതെ കവറ് മെല്ലെ പൊളിച്ചു നിവർത്തി വായിച്ചു. " ഞാൻ താങ്കളുടെ ഓഫീസിൽ വരും. 
: ഓഫീസ് പരിശോധനക്ക് വേണ്ടുന്ന എല്ലാ ഏർപ്പാടുകളും ചെയ്യുക."

പാൻസിന്റെ കീശയിൽ നിന്ന് കർച്ചീഫ് എന്ന്  വിളിക്കപ്പെടുന്ന തുണി കഷണം എടുത്ത് നെറ്റിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചുമാറ്റി .ബെല്ലടിക്കേണ്ട താമസം ശിപായിപ്രത്യക്ഷനായി.
''ഫാനിന്റെ സ്പീഡ് വർദ്ധിപ്പിക്കൂ,?" ശിപായിയുടെ കർത്തവ്യ ബോധത്തെ പരാജയപ്പെടുത്തുമാറ് ഫാൻ അതിവേഗം കറങ്ങി. ആപ്പി സറുടെ തലവേഗം തണുക്കട്ടെ എന്ന മട്ടിൽ. 'ഡെപ്യൂട്ടിയോട് വേഗം വരാൻ പറയൂ" ഡെപ്യൂട്ടി വന്നു 'സാർ "എന്ന പദം ഉച്ചരിച്ചു .ഒന്നും പറയാനാവാതെ തഹസിൽദാർ കലക്ടറുടെ പ്രേമലേഖനം കയ്യിൽ കൊടുത്തു . തൊന്ന്ന്ത രവായല്ലോ എന്ന മട്ടിൽ കത്തും പിടിച്ച് ഡെപ്യൂട്ടി നിന്നു പരുങ്ങി .കത്തു വാങ്ങി പച്ച മഷിയിൽ എന്തൊക്കെയോ എഴുതി ചേർത്ത ശേഷം തിരികെ കൊടുത്തു. വളരെ ഗൗരവമുള്ളതാണ് .ഉടനെ ഓഫീസ് നോട്ട്  പുട്ടപ്പ് ചെയ്യൂ .ഡെപ്യൂട്ടി വേഗത്തിൽ സീറ്റിൽ പോയി ഇരുന്നു. .സൂപ്രണ്ടിനെ വിളിച്ച് കാര്യമെല്ലാം ധരിപ്പിച്ചു. സൂപ്രണ്ട് എല്ലാ സെക്ഷനിലും പരക്കം പാഞ്ഞു .ഗുമസ്തന്മാരെ എല്ലാം ഭീഷണിപ്പെടുത്തി. .ആക്ഷൻ എടുക്കാത്ത ഒരൊറ്റ ഫയൽ പോലും കണ്ടു പോകരുത് .കണ്ടാൽ ശിരസ്സ് ഉടലിൽ ഉണ്ടാവില്ല".

ഡെപ്യൂട്ടി ആപ്പീസ്സർ നോട്ട് എഴുതി. മറ്റന്നാൾ എന്നൊരു ദിവസം ഉണ്ടെങ്കിൽ അന്നേക്ക്എല്ലാ രജിസ്റ്ററുകളും ക്ലീൻ ആയിരിക്കണം. ആക്ഷൻ ഇല്ലാത്ത ഫയൽ കണ്ടു പോകരുത് .ആപ്പീസ് നോട്ടിനടിയിൽ തഹസിൽദാർ എന്തോ വരച്ചു .നോട്ട് സെക്ഷനിൽ നിന്നും സെക്ഷനിലേക്ക് സഞ്ചരിച്ചു. ഫയലുകൾക്ക് ഒരു പുതിയ ജീവൻ കൈവന്നു .പിന്നീടുള്ള ഓരോ നിമിഷവും ഗുമസ്തന്മാരുടെ തലക്കുള്ളിൽ ലാവയൊഴുകി. തഹസിൽദാരും ഡെപ്യൂട്ടിയും സൂപ്രണ്ടും മത്സരിച്ച് കാളിംഗ് ബെൽ അടിച്ചു .ശിപായിമാർ ഫയലുകളുമായി പാഞ്ഞു .ഗുമസ്തന്മാർ പേടിച്ച് .ചിലർക്ക് കലികയറി .ചിലർ ശാസ്താവിന്നും
സായിബാബക്കും നേർച്ച പറഞ്ഞു. ചില കണ്ണുകളിൽ അഗ്നി ജ്വലിച്ചു .മുഖങ്ങൾ വികൃതമായി.
തഹസിൽദാർ ഡെപ്യൂട്ടിയെ വിളിച്ചുപറഞ്ഞു .'അധികാരിയോട് വരാൻ പറ". ഡെപ്യൂട്ടി ശിപായിയെ വിളിച്ചു ''ഉടനെ അധികാരിയോട് വരാൻ പറയു.തഹസിൽദാർ വിളിക്കുന്നു  എന്നു പറയൂ.സൈക്കിൾ എടുത്ത് പോകണം." ശങ്കിച്ച് നിൽക്കുന്ന ശിപായിയോട് ശാസനാരൂപത്തിൽ വീണ്ടും പറഞ്ഞു. ''വേഗം ...സൈക്കിളിന്റെ വാടക അധികാരി തരും ."കാര്യം എന്തെന്നറിയാതെ വിയർത്തുകുളിച്ച് അധികാരി ഡെപ്യൂട്ടിയുടെ മുമ്പിൽ ചെന്നു. .ഡെപ്യൂട്ടി അധികാരിയെ തഹസിൽദാരുടെ മുമ്പാകെ ഹാജരാക്കി. എന്താ കാര്യം ?...''വന്ന ഉടനെ കലക്ടർക്കു ഇളനീർ വെള്ളം നൽകണം. ഉച്ചഭക്ഷണം കോഴി ബിരിയാണി ആയിരിക്കണം .ഹോട്ടലിൽ നിന്ന് വാങ്ങുന്ന ബിരിയാണിയിൽ കാക്ക ഇറച്ചിയോ മറ്റോആവും. അസ്സൽ കോഴി തന്നെയാവണം .കോഴിയിറച്ചിയുടെ സ്വാദ് എന്തെന്ന് കലക്ടർക്ക് ഇവിടെവെച്ച് മനസ്സിലാക്കണം .മത്സ്യം വെച്ചതും വറുത്തതും വേണം .പുഴ മൽസ്യം തന്നെയായിരിക്കണം" ''ഇതിന് എന്ത് പ്രയാസം ?കോഴി ഫ്രൈ കൂടി ആയാൽ എന്താ? "എന്നായി അധികാരി. തഹസിൽദാർക്ക് സന്തോഷമായി. ഇയാൾക്ക് ഒരു ഗുഡ് സർവീസ് എൻട്രി ഇപ്പോൾ തന്നെ കൊടുത്താൽ എന്താ എന്നു തോന്നി .ഇത്രയും സമർത്ഥനായ ആൾ  ഡെപ്യൂട്ടി  എങ്കിലും ആകേണ്ടതായിരുന്നു എന്ന് വിചാരിക്കുകയും ചെയ്തു. ''എത്ര പ്ലേറ്റ് വേണ്ടിവരും "എന്നായി അധികാരി. ഡെപ്യൂട്ടി ആണ് സംസാരിച്ചത് :'ഇതെന്ത് ചോദ്യമാമിസ്റ്റർ അധികാരി! ഞങ്ങളൊക്കെ അന്ന് നിരാഹാരവൃതം അനുഷ്ഠിക്കാനോ? പിന്നെ... ഗുമസ്തന്മാരെയും ശിപായിമാരെയും ഒഴിവാക്കിയാൽ  അവരെന്ത് കരുതും?"
ആളുകളുടെ എണ്ണം കണക്കുകൂട്ടിയപ്പോൾ ഫ്രൈയുടെ കാര്യം പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയിരിക്കണം അധികാരിക്ക്.  അധികാരിയുടെ തളർച്ച മാറ്റാൻ എന്നോണം ഡെപ്യൂട്ടി പല്ലിളിച്ചു കൊണ്ട് അയാളുടെ പുറത്തു തട്ടി.
അധികാരിക്ക് കയ്ച്ചിട്ടിറക്കാനും വയ്യ , മധുരിച്ചിട്ട് തുപ്പാനും വയ്യ,എന്നാ യി.തഹസിൽദാർക്ക് വിഷമം തോന്നരുത് എന്ന് കരുതി മുഖത്ത് യാതൊരു ഭാവ വ്യത്യാസവും കാണിച്ചില്ല .ഇതൊക്കെ
 ഇത്ര വലിയ കാര്യമാണോ എന്ന ഭാവത്തിൽ യാത്ര പറഞ്ഞു .മിനിറ്റുകളും മണിക്കൂറുകളും ചിറകുവിടർത്തി  പറന്നകന്നു .രണ്ടു രാത്രികളിൽ ആപ്പീസ് മുറികളിൽ വിളക്കണഞ്ഞില്ല .അങ്ങിനെ മറ്റന്നാൾ എന്ന ദിവസവും പിറന്നു. ഓഫീസിൽ ആരും ആരോടും ശബ്ദിച്ചില്ല. നരി വരുന്നു എന്ന രീതി. മൂകതയെങ്ങും തളംകെട്ടി നിന്നു .എന്തും സംഭവിച്ചു കൂടെ ന്നില്ല.
നട്ടുച്ചയോടെ കലക്ടർ സ്ഥലത്തെത്തി. അദ്ദേഹം വെളുത്ത ഷർട്ടും കറുത്ത പാൻസും അണിഞ്ഞിരുന്നു. തഹസിൽദാർ പിടഞ്ഞ് എണീറ്റ് തന്റെ സീറ്റ് അദ്ദേഹത്തിനു ഒഴിഞ്ഞു കൊടുത്തു. ഇരിക്കാൻ കൽപ്പന കിട്ടിയപ്പോൾ ഇരുന്നെന്നു വരുത്തി.
കലക്ടർ ആദ്യമായി ജ്വലിക്കുന്ന കണ്ണുകൾ ഉള്ള ഗുമസ്തന്റെ പേഴ്സണൽ രജിസ്റ്റർ വിളിപ്പിച്ചു. പുസ്തകം തുറന്നു നോക്കി. അതിനകത്ത് ചുവന്ന മഷിയിൽ പലതും എഴുതി .ഒരു കടലാസിൽ ചിലതെല്ലാം കുറിച്ച് എടുത്തു. പിന്നെ തഹസിൽദാരുടെ നേരെ ഒരൊറ്റ ചാട്ടം. ''നിങ്ങൾ എന്താ ഇവിടെ ചെയ്യുന്നത്? നിങ്ങൾ അയാളെ ശ്രദ്ധിക്കുന്നില്ലേ? വിളിപ്പിക്കുഅയാളെ ".ജ്വലിക്കുന്ന കണ്ണുകൾ ഉള്ള ഗുമസ്തൻ പൂച്ചയെപ്പോലെ പതുങ്ങി പതുങ്ങി ഹാജരായി.''ഓഹോ, നീയാണല്ലേ? നിന്റെ പഴയ കളിയൊന്നും ഇനി വേണ്ട ;കേട്ടോ? പോയ്കോ എൻ്റെ മുമ്പിൽ നിന്ന് ".
ഗുമസ്തന് എവിടുന്നോ പെട്ടെന്നൊരു ധൈര്യം കൈ വന്നു. വരുന്നേടത്തുവെച്ചു കാണാം എന്ന് കരുതി ഗുമസ്തൻ പോയി തന്റെ കസേരയിൽ ഇരുന്നു. വിവരമറിഞ്ഞ് മറ്റു ഗുമസ്തന്മാർ പൂച്ചയെ കണ്ട എലികളെ പോലെ വിറച്ചു.
ഫയലുകളും രജിസ്റ്ററുകളും വേറെയും പരിശോധിച്ചു. കുറെ കഴിഞ്ഞു കളക്ടർ ഒന്ന് തണുത്തു തഹസിൽദാരോടായി ചോദിച്ചു ''സ്വാമി ശരണം ,നിങ്ങൾ മലയ്ക്കൊന്നും പോകുന്നി ല്ലേ'" സ്വാമി ശരണം... ഞാൻ...". തഹസിൽദാർ തുടർന്ന് സംസാരിച്ചില്ല .അപ്പോഴാണ് കലക്ടർ തനിക്ക് തെറ്റുപറ്റിയെന്ന് മനസ്സിലാക്കുന്നത് '.ഓ ,ഞാൻ ഓർത്തില്ല. കുഴപ്പമൊന്നുമില്ല. .സ്വാമിയുടെ സന്നിധിയിൽ ഏതു മതക്കാർക്കും പോകാം." കലക്ടർ കൽപ്പിക്കുകയാണെങ്കിൽ പോകുന്നതിന് വിരോധമില്ല എന്ന ഭാവത്തിൽ തഹസിൽദാർ ഇരുന്നു. തഹസിൽദാർ ഡെപ്യൂട്ടിയെ വിളിച്ചു ചെവിയിൽ എന്തോ മന്ത്രിച്ചു .ഡെപ്യൂട്ടി മുറിവിട്ട് പുറത്തുപോയി .അധികാരി വാതിലിനടുത്തുതന്നെ നിൽപ്പുണ്ട്.
'കലക്ടർ അയ്യപ്പഭക്തനാണ്. മത്സ്യമാംസങ്ങൾ കഴിക്കില്ല. സസ്യ ഭക്ഷണം വേണം .ഒരാൾക്ക് മാത്രം. .ഉടനെ ..."അധികാരി ടാക്സി വിളിച്ചു പറന്നു .ഒട്ടും വൈകാതെ അതേ ടാക്സിയിൽ തന്നെ തിരിച്ചെത്തി .സസ്യം ഒരുവശത്ത് ,സസ്യതരം മറുവശത്ത്. സമയം രണ്ടു മണിയോടടുക്കുന്നു. ഇങ്ങോട്ടൊന്നും പറയാതായപ്പോൾ തഹസിൽദാർ തന്നെ കേറി ഹെഡ് ചെയ്തു .'സ്വാമി ശരണം ഉച്ചഭക്ഷണത്തിന് സമയമായി." കലക്ടറുടെ മറുപടി:'' വീട്ടിലെത്തിയെ ഭക്ഷണം കഴിക്കാറുള്ളൂ .മാലയിട്ടതിൽ പിന്നെ അങ്ങനെയാ."
തഹസിൽദാർ ഡെപ്യൂട്ടിയെ വിളിച്ചു ചെവിയിൽ ഊതിയതും ഡെപ്യൂട്ടി പാഞ്ഞതും ഒപ്പം കഴിഞ്ഞു. പാൽപ്പായസം നിറച്ച ഗ്ലാസുകൾ മേശപ്പുറത്ത് നിരന്നു .കലക്ടർക്കുള്ളത് ഡെപ്യൂട്ടി തന്നെയാണ് കൊണ്ടുവന്നത്. അത് വാങ്ങി തഹസിൽദാർ വിനയപൂർവ്വം കലക്ടറുടെ മുമ്പിൽ  വെച്ച് കലക്ടർ മൊഴിഞ്ഞു.', അയാം സോറി ,അരി ഭക്ഷണം കഴിക്കാറില്ല. പഞ്ചസാര തീരെ പറ്റില്ല."
തഹസിൽദാരും സിൽബന്ധികളും വിഷമത്തിലായി .ചിലർ ഉള്ളിൽ ചിരിച്ചെങ്കിലും ആപ്പീസിൽ പൊതുവേ മ്ലാനത പരന്നു .ഇനിയെങ്ങിനെ  കലക്ടറെ പ്രീതിപ്പെടുത്തും എന്നായി ആലോചന .പരസ്പരം സംസാരിക്കാതെ തന്നെ  ഒരു വഴി കണ്ടുപിടിച്ചു.
കലക്ടർ എണീറ്റു .ഒരു ബട്ടൺ അമർത്തിയിട്ടെന്നപോലെ തഹസിൽദാരും എണീറ്റ് പുറകെ നടന്നു .കലക്ടർ ജീപ്പിൽ കയറിയപ്പോൾ തഹസിൽദാർ എല്ലാം മറന്നു ശരണം വിളിച്ചു :''ഹരിഹര സുതനെ ശരണമയ്യപ്പ' ..."എല്ലാവരും ഏറ്റു വിളിച്ചു ''സ്വാമി അല്ലാതൊരു ശരണമില്ലയ്യപ്പാ"                        
                          *****
    
                               തിക്കോടി ഭാസ്കരൻ

Popular posts from this blog

തിക്കോടി ഭാസ്കരൻ

വാശി - തിക്കോടി ഭാസ്കരന്‍

ഒരു രാജ്ഞിയുടെ തലതെറിക്കുന്നു - തിക്കോടി ഭാസ്കരൻ